Sunday, July 31, 2016

ഒരു സദാചാര കവല കഥ

ഒരു സദാചാര കവല കഥ
600px-Kavumnada.jpg
 
പതിവ് പോലെ വൈകിട്ടു റോഡിലേക്ക് ഇറങ്ങിയ വഴിക്കു ആദ്യം കാണുന്ന കവലയിൽ സ്ഥിരം ആയി കുറ്റി അടിച്ചിരിക്കുന്ന ടീമുകളിൽ പ്രമുഖനായ കുട്ടപ്പൻ ചേട്ടനെ കണ്ടപ്പോ വണ്ടി ഒന്ന് സൈഡാക്കി വിശേഷങ്ങൾ ആരാഞ്ഞു.
 
 
Interruption– 1 
ഞാൻ ജനിച്ച കാലം തൊട്ടു ആ കവലയിൽ ഇവർ കുറച്ചു പേർ ഇരിപ്പോണ്ട്. പണി എന്താ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ മുടിഞ്ഞ സോഷ്യൽ കമ്മിറ്റ്മെമന്റ് ആണ്. എന്ത് പ്രശ്നം കണ്ടാലും ഇടപെടും. രണ്ടു പേർ വണ്ടി ഒക്കെ തട്ടി കോമ്പ്രോമൈസ് ആകാൻ നിൽക്കുന്ന ഒരു അവസ്ഥ ആണെന്ന് കരുതുക, ഇവർ ഇടപെട്ടാൽ ആ രണ്ടു പേരും അടിച്ചു തകർന്നു പിരിയും, അതാണ് ഐറ്റംസ്. സദാചാരം എന്ന് കേട്ടാൽ രക്തം തിളയ്ക്കുന്ന കിടിലം ഐറ്റങ്ങൾ. ഈ കുട്ടപ്പൻ ചേട്ടന് എന്താ പണി എന്ന് എനിക്ക് അറിയില്ല , പുള്ളിയുടെ ഭാര്യ അണ്ടിയാപ്പീസിൽ പണിക്കു പോകുന്നുണ്ട്. വൈകിട്ടു അവർ കാശ് കൊടുത്തിട്ട് വേണം പുള്ളിക്ക് മിനുങ്ങിയിട്ട് വീണ്ടും വന്നു കുറ്റിമുക്കിൽ ഇരിക്കാൻ. കുറ്റിമുക്ക് ഞങ്ങൾ ഇട്ട പേരാണ്, ആളുകൾ കുറ്റി അടിച്ച പോലെ ഇരിക്കുന്ന മുക്ക്. കാശ് കിട്ടാത്ത വേളകളിൽ കുട്ടപ്പൻ ചേട്ടൻ ആ ചേച്ചിയുടെ അച്ഛനേം അമ്മയെയും പോരാഞ്ഞിട്ട് ഏതാണ്ട്  തായ്‌വഴിയിൽ  ഉള്ള സകല പേരെയും ഉച്ചത്തിൽ സ്മരിക്കുന്നത് പലവട്ടം ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ നമ്മളോട് ആരോടും ഇന്ന് വരെ കടം ഒന്നും ചോദിച്ചിട്ടും ഇല്ല.
 
“ചേട്ടാ , എന്തൊക്കെ ഉണ്ട് “
“ഓ സുഖം മോനെ , നീ എന്ന് വന്നു “
“ഇന്നലെ എത്തി”
“നിങ്ങൾക്ക് ശനിയാഴ്ച പോണ്ടാല്ലേ ? “
“ഇല്ല, അന്നത്തെ പണി കൂടി അവന്മാര് ഈ അഞ്ചു ദിവസം കൊണ്ട് ചെയ്യിപ്പിക്കും”
“ചുമ്മാതല്ലലോ , നല്ല ചൊള കിട്ടില്ലേ “
ചൊള അല്ല കൊല %$@%@ എന്നൊന്നും പറയാൻ പോയില്ല..
“കഴിഞ്ഞ ആഴ്ച ഇവിടെ എന്തോ ഒരു പ്രശ്നം നടന്നെന്നു നാട്ടുകാര് പറയുന്ന കേട്ടല്ലോ ?, എന്താ കഥ”
“മോനെ , പഴയ കാലം ഒന്നും അല്ല, പിള്ളേരൊക്കെ പിഴകളാ, നമ്മുടെ രവി അണ്ണന്റെ കടയുടെ അടുത്ത് പുതിയതായി താമസത്തിനു വന്ന കുടുംബത്തിലെ പെങ്കൊച്ചില്ലേ , ആ കാലു വയ്യാത്ത തള്ളയും മോളും മാത്രമുള്ള വീട്ടിലെ , അവൾ ശരിയല്ല”
“ശരിയല്ലെന്ന് പറഞ്ഞാൽ ?”
 
“അവൾ ആ തുണിക്കടയിൽ പണിക്കു പോകുവാ എന്നും പറഞ്ഞു എങ്ങോട്ടാ പോകുന്നെ എന്നാ നിന്റെ വിചാരം. ലോക പിഴയാ മോനെ”
“ചേട്ടൻ വല്ലോം കണ്ടാർന്നോ?”
“പിന്നെ ചുമ്മാ കുട്ടപ്പൻ ചുമ്മാ പറയുമോ? അവളെ ഒരു 9 മണി ആകുമ്പോ മിക്കവാറും ഏതേലും പയ്യന്മാർ ബൈക്കിൽ  കൊണ്ടു വിടും, ഇവൾക്കൊക്കെ നേരത്തും കാലത്തും വീട്ടിൽ കയറിക്കൂടെ”
“അല്ല ചേട്ടാ , ആ കൊച്ചിന് ഏതോ തുണിക്കടയിൽ അല്ലെ ജോലി , ജോലി കഴിഞ്ഞു അവൾ വരാൻ ആ സമയം ആവില്ലേ? പിന്നെ നമ്മുടെ ജംക്ഷൻ നിന്നും ഇവിടെ വരെ ഇത്രേം ദൂരം ഒറ്റയ്ക്ക് വരാൻ കൂട്ടിനു കൂടെ ജോലി നോക്കുന്ന ആരേലും കൊണ്ടാക്കുന്നത് ആവില്ലേ?”
 
“ഓ പിന്നെ, കുഞ്ഞു ലോകം കണ്ടിട്ടില്ലാത്തോണ്ട് ഇങ്ങിനെ ഒക്കെ ചിന്തിക്കുന്നതാ, കഴിഞ്ഞ ആഴ്ച ഞങ്ങൾ ഇവിടെ ഇരുന്നവർ എല്ലാം കൂടി അവനെ അങ്ങ് പിടിച്ചു നിർത്തി. അന്നേരം അവനും ഈ കഥ ഒക്കെ തന്നെയാ പറഞ്ഞത് , നമ്മൾ വിടുവോ? പിടിച്ചു വിരട്ടി വിട്ടിട്ടുണ്ട്, ഇപ്പൊ അവൾ ഒറ്റയ്ക്കാ വരുന്നത് , അവളുടെ അഹങ്കാരം ഒക്കെ അന്നത്തോടെ തീർന്നു “
 
“അയ്യോ , അപ്പം ആ കൊച്ചു ഒറ്റയ്ക്കു വരണ്ടായോ?”
“അവൾക് രാത്രി എന്തോന്നു പരുപാടി??, നേരത്തെ വീട്ടിൽ കയറുന്ന ജോലിക്കു പോയാൽ മതി അവൾ , എന്റെ  പെണ്ണുംപിള്ളക്കും ഉണ്ട് ജോലി, കുഞ്ഞിന് അറിയാമല്ലോ? ആറു മണി എന്നൊരു സമയം ഉണ്ടേൽ അവൾ വീട്ടിൽ കാണും , വീട്ടിൽ ആണുങ്ങൾ ശ്രദ്ധിക്കാൻ ഇല്ലേൽ ഇതിങ്ങൾ ഒക്കെ ഇങ്ങിനെ പിഴച്ചു പോകും , ആ തള്ളയും പണ്ട് അത്ര നല്ല കേസ് ഒന്നും അല്ലായിരുന്നു”
 
“ഛെ , ചേട്ടാ അറിയാത്ത കാര്യം പറയാതെ”
“പിന്നല്ലാണ്ട് , ഈ ഭർത്താക്കന്മാരൊക്കെ നേരത്തെ ചത്ത് പോകുന്നത് അതൊക്കെ കൊണ്ടാ കുഞ്ഞേ, നിങ്ങൾക് ഇതൊന്നും മനസ്സിലാവില്ല, നമ്മൾ ഒക്കെ ഇവിടെ ഉള്ളടുത്തോളം കാലം ഇതൊന്നും ഈ നാട്ടിൽ നടക്കില്ല, നമ്മൾ വിടുവോ? “
ഇതും കേട്ടോണ്ട് വന്ന സോമൻ ചേട്ടൻ ഏഷ്യാനെറ്റിൽ ന്യൂസ്അവർ ചർച്ചയിൽ ഇടയ്ക്കു കേറി പറയുന്നത് പോലെ രണ്ടു കമന്റ്സ്  ഇട്ടേച്ചു പോയി – “ഇല്ലേൽ പിന്നെ ആ തള്ള എന്തിനാ ഈ കൊച്ചിനെ ജോലിക്കു വിട്ടിട്ടു ഒറ്റയ്ക്കു അവിടെ ഇരിക്കുന്നെ, ഫുൾ ടൈം ഫോൺവിളിയാന്നെ “
“അത് ചേട്ടൻ എങ്ങിനെ കണ്ടു?”
 
“അതിപ്പോ, ഞാൻ….. ഞങ്ങൾ … നമ്മളൊക്കെ ഇവിടെ തന്നെ ഉള്ളവർ അല്ലെടെ..”
 
ഒരു ചെറിയ ചമ്മൽ പുള്ളിയുടെ മുഖത്തു വരുന്നതിനു മുൻപേ അതിലെ പോയ വേറെ ഒരു ബൈക്കിനു കൈ കാണിച്ചു “സാധനം എടുത്തിട്ട് വരാം കുട്ടപ്പാ ” എന്നും പറഞ്ഞു പുള്ളി ലിഫ്റ്റ് അടിച്ചു പോയി. ട്രിപ്ൾസ്.
പുള്ളി പോയതും പുള്ളി പറഞ്ഞ വാക്കുകൾ കുട്ടപ്പൻ ചേട്ടൻ ശരി വച്ചു , “കണ്ടോ സോമനും അറിയാം, ഇവിടെ ഉള്ള എല്ലാവര്ക്കും അറിയാം , ഹഹഹ “
ഒരു തള്ളയും മോളും മാത്രമുള്ള വീട്ടിലെ അത്താണിയായ ആ പെങ്കൊച്ചിനെ രാത്രി കൊണ്ടാക്കാൻ വന്നു കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരന്റെ നല്ല മനസ്സും ആർജവവും ഇല്ലാണ്ട് ആക്കി അവളെ വീണ്ടും ഇരുട്ടിന്റെ മറവിൽ ഒരു ഇരയാക്കി വിട്ടു കൊടുത്തിട്ടു നിന്ന്  ഒരുമാതിരി ഓഞ്ഞ ചിരി പാസ്സാക്കിയ അയാളെ പിടിച്ചു രണ്ടു കൊടുക്കണം എന്നുണ്ട്. പക്ഷെ എന്നെ കൊണ്ടാവില്ല. ഞാൻ വല്ലോം പറഞ്ഞാൽ നാളെ ആ കൊച്ചിനേം എന്നേം ലുലു മാളിൽ വച്ച് കണ്ടെന്നു വരെ ഇവന്മാര് അടിച്ചിറക്കും, നമ്മൾ ഇല്ലേ😦😦
 
 
“അല്ല ചേട്ടാ, ഈ ട്രിപ്ൾസ് അടിക്കുന്നത് ഒക്കെ നിയമവിരുദ്ധം അല്ലെ ?”
“ഓ, നമ്മുടെ പിള്ളേർ , അവർ സൂക്ഷിച്ച ഓടിക്കത്തോള് “
 
അല്ലേലും ആണും പെണ്ണും ഉള്ള വിഷയത്തിൽ മാത്രമാണല്ലോ കേരളത്തിൽ സദാചാര ബോധം. ആരേലും വണ്ടി മോശം ആയി ഓടിച്ചാലോ , നിയമലംഘനം നടത്തിയാലോ, പൊതുമുതൽ നശിപ്പിക്കുന്നത് കണ്ടാലോ,  അധികാര ദുരുപയോഗം നടത്തിയാലോ, റോഡിൽ ഇരിന്നു കുടിക്കുന്നത് കണ്ടാലോ , എന്തിനു ഒരാൾ വണ്ടി ഇടിച്ചു കിടക്കുന്നത് കണ്ടാലോ നമുക്കെന്ത്… കൂടുതൽ പേർക്കും അവരോവരുടെ കാര്യം മാത്രം നോക്കി പോകാൻ ആണ് താല്പര്യം. ഞാൻ എന്ത് പറയാനാ… :/ :/
ദൂരെ നിന്നും വന്ന രമേശ് ചേട്ടൻ ആക്ടിവ നിർത്തി, സീറ്റ് തുറന്നു ഒരു കവർ എടുത്തു കുട്ടപ്പന്റെ കയ്യിൽ കൊടുത്തു. മദ്യം ആയിരിക്കണമല്ലോ. “കുട്ടപ്പൻ തുടങ്ങിക്കോ , ഞാൻ ഇപ്പൊ വരാം” എന്നും പറഞ്ഞിട്ട് രമേശ് ചേട്ടൻ എങ്ങോട്ടോ പോയി.
 
 
Interruption– 2 
രമേശ് ചേട്ടൻ – എനിക്ക് പരിചയം ഒന്നും ഇല്ല. പുള്ളി ഒരു പണച്ചാക്കാണ്, ഈ കുടിയന്മാരുടെ കൺകണ്ട ദൈവം. ചിട്ടി ആൻഡ് പലിശക്കു  കൊടുക്കൽ ആണ് ജോലി. നല്ല ചീത്തപ്പേരുണ്ട്, സത്യം എനിക്ക് അറിയില്ല. പുള്ളീടെ വീട് ഈ ഏരിയയിൽ ഒന്നും അല്ല. പക്ഷെ പുള്ളി മിക്കവാറും ഈ പഞ്ചായത്തിൽ ഒക്കെ തന്നെ കാണും.
 
 
“അപ്പൊ ശരി കുഞ്ഞേ, ഞങ്ങടെ പരുപാടിക്കുള്ള സമയം ആയി” – ഇതും പറഞ്ഞു കുപ്പിയും കൊണ്ട് തൊട്ടടുത്തുള്ള അടഞ്ഞു കിടക്കുന്ന കടയുടെ പിറകിലേക്ക് പോയി, കൂടെ രണ്ടു മൂന്ന് കവലക്കാരും അകമ്പടി സേവിച്ചു.
പോയേക്കാം എന്ന് കരുതി ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി, അന്നേരം ഇതെല്ലം കേട്ടോണ്ട് നിന്ന ചെല്ലപ്പൻ മൂപ്പര് എന്റെ അടുത്ത് വന്നു – “ചില്ലറ ഉണ്ടേൽ ഒരു 50 രൂപ താ കുഞ്ഞേ ” എന്നും പറഞ്ഞു ഒരു പുഞ്ചിരി.. 50 രൂപ ഒക്കെ ഇപ്പൊ ചില്ലറ ആയി തുടങ്ങിയിരിക്കുന്നു, കാലം പോയ പോക്കേ !!
 
 
Interruption– 3 
ചെല്ലപ്പൻ മൂപ്പര് –  ആ ഏരിയയിലെ ആസ്ഥാന മൂപ്പർ, പുള്ളിക്ക് കള്ളിന്റെ മണമാണ്. പണിക്കു വിളിച്ചാൽ രാവിലെ വന്നു എന്തേലും ചെറിയ പണിചെയ്തു  വെച്ചിട്ട് എന്തേലും നമ്പർ ഇട്ടു മുങ്ങും. ഉടൻ തിരിച്ചു വരും എന്ന് വിളിച്ച വീട്ടുകാർക്ക് ഒരു ഉറപ്പ് കിട്ടാൻ വെട്ടുകത്തി അവിടെ വെച്ചിട്ട് കാശും മേടിച്ചു പോകും. വെട്ടുകത്തി വീട്ടിൽ ഉള്ളടുത്തോളം പുള്ളി വന്നോളും എന്ന് നമ്മൾ കരുതും. പുള്ളിക്ക് ഏതാണ്ട് പത്തിൽ അധികം വെട്ടുകത്തി ഉണ്ടെന്നു ഈ അടുത്ത കാലത്താണ് ഞാൻ മനസ്സിലാക്കിയത്.  കാശ് ആവശ്യം വരുമ്പോൾ പുള്ളി വീണ്ടും വന്നോളും.
 
 
“പുല്ല് , നിർത്താണ്ടായിരുന്നു” എന്ന് മനസ്സിൽ പ്രാകി പേഴ്സിൽ നിന്നും ഒരു 50  കൂവാ എടുത്തു അങ്ങേർക്ക് കൊടുത്തു. അത് വാങ്ങിയ പുള്ളി സന്തോഷം കൊണ്ട് എൻ്റെ  അടുത്ത് വന്നു ചെവിയിൽ ഒരു ഇൻഫർമേഷൻ തന്നു.. “രമേശൻ എങ്ങോട്ടാ പോയേന്നു അറിയോ?” ഞാൻ ഇല്ല എന്ന ഫാവത്തിൽ തല ആട്ടി.
 
 
“കുട്ടപ്പന്റെ വീട്ടിലേക്കാ ” – കണ്ണിറുക്കി കൊണ്ട് പുള്ളി പറഞ്ഞു
“ഏഹ് ” – എന്റെ അതിശയോക്തി നിറഞ്ഞു നോട്ടം കണ്ടു പുള്ളി തുടർന്നു.
” രമേശൻ അങ്ങിനെയാ, ഇവന്മാരെ ഒക്കെ കുടിപ്പിച്ചു ഇവിടെ കിടത്തും, ഇവന്മാരൊക്കെ എപ്പോ വീട്ടിൽ കയറാനാ? ആ ഗാപ് അങ്ങേരു അങ്ങ് ഫിൽ ചെയ്യും… അല്ലേൽ പിന്നെ ഓസിനു ഇവന്മാർക്ക് എന്നും കുടിക്കാൻ  മേടിച്ചു കൊടുക്കാൻ അങ്ങേർക്കു പ്രാന്തല്ലേ ?? “
 
 
ദൃതങ്കപുളകിതനായ ഞാനും വണ്ടിയും ഒരേ സമയം ഇതൊക്കെ കേട്ട് ഓഫ് ആയപ്പോൾ കാശും മടക്കി പോക്കറ്റിൽ ഇട്ടു കൊണ്ട് പുള്ളി പറഞ്ഞു – “ഞാൻ ആ മലരന്റെ കയ്യിൽ നിന്നൊന്നും ഓസിനു വാങ്ങി കുടിക്കില്ല, പോട്ടെ കുഞ്ഞേ, അവന്റെ എന്നല്ല നമുക്ക ആരുടേം ഓശാനം വേണ്ടായേ “
ശുഫം
 
 
PS: കടപ്പാട് വയ്ക്കാണ്ട് അടിച്ചു മാറ്റിയാൽ ഉറപ്പായും നാറ്റിക്കും
 

Tuesday, July 5, 2016

ഡ്യൂക്കിൽ വന്ന ഫ്രീക്കൻ (Kerala Duke Freak)

ഡ്യൂക്കിൽ വന്ന ഫ്രീക്കൻ (Kerala Duke Freak)

കൂടെ ജോലി ചെയ്യുന്ന ജോജിൻറെ കല്യാണം ആണു, അടൂർ ഏതോ കാട്ടുമൂലയിൽ ആണെന്നു അറിയാം. കഴിഞ്ഞ ആഴ്ച ഡെലിവെറി ചെയ്തു കിട്ടിയ പുത്തൻ പുതിയ ഹോണ്ടാ സിറ്റി എടുത്തോണ്ട് പോകാം എന്നു ഐഡിയ ഇട്ടതു ഞാൻ തന്നെയാണ്. ബാങ്കിന് അടുത്ത 5 വർഷത്തേക്ക് ഏതാണ്ട് പത്തു ലക്ഷം രൂപ കൊടുക്കാൻ ഉണ്ട്. നമ്മുടെ ആപ്പീസിലെ 2 ചെക്കന്മാർ കൂടി ഉണ്ട്. അടിച്ചുപൊളിച്ചു പോയേക്കാം എന്നു കരുതി.

രാവിലെ കൊട്ടാരക്കരയിൽ കയറി തേങ്ങയും ഉടച്ചു ഉണ്ണിയപ്പവും അടിച്ചു ഞങ്ങൾ മൂന്നു ബാച്ചിലേഴ്‌സ് യാത്ര തുടങ്ങി. അടൂർ നിന്നും ഏതോ കൂതറ വഴി ഒക്കെ കയറി ഒരു ഗ്രാമ വീഥിയിൽ എത്തി. ഗ്രാമം എന്നത്തിന്റെ എല്ലാ സംഫവങ്ങളും ഉണ്ട്.  പച്ചപ്പ്‌, ഹരിതാഭ, ഊഷ്മളത, പ്രകൃതിഫംഗി, അംബാസഡർ കാർ, പെട്ടി കടകൾ, പുല്ലു തിന്നാൻ കെട്ടിയിട്ട പശുക്കൾ, ജോലിയും കൂലിയും ഇല്ലാണ്ട് കവലയിൽ വന്നിരിക്കുന്ന കൊറേ ചേട്ടന്മാർ, ഡ്രസിങും ഹെയർസ്റ്റൈലും കണ്ടാൽ ആണാണോ പെണ്ണാണോ എന്നു മനസ്സിലാവാത്ത കൊറേ ഫ്രീക്കന്മാർ, അവർ ഫോണും കുത്തി കൊണ്ടു റോഡിൻറെ ഏതാണ്ട് നടുക്കായി തന്നെ ബൈക്കിന്റെ മുകളിൽ വഴിയും ബ്ലോക്ക് ചെയ്തു “നിങ്ങ എങ്ങിനെ വേണോ പൊക്കോ ” എന്ന ഫാവത്തിൽ ഇരിക്കുന്നു, അല്ല കിടക്കുന്നു.
0_0_645_http---172.17.115.180-82-ExtraImages-20111207054259__DSC2481
ഗ്രാമവീഥി മുന്നേറും തോറും വിജനത കൂടി കൂടി വന്നു. കുറേക്കൂടി മുന്നോട്ടു പോയപ്പോൾ കുത്തനെ ഉള്ള ഒരു ഇറക്കം കണ്ടു. പുതിയ വണ്ടി ആയതു കൊണ്ടു വളരെ സൂക്ഷിച്ചാണ് ഓടിക്കൽ. സീറ്റിന്റെ മേളിൽ ഉള്ള പ്ലാസ്റ്റിക് കവർ പോലും മാറ്റിയിട്ടില്ല, മലയാളികൾ അല്ലെ.

വളരെ പയ്യെ ചവിട്ടി ഇറക്കി ഏതാണ്ട് ആ ഇറക്കത്തിൻറെ പകുതി എത്തിയാപ്പോൾ എന്തോ വന്നു വണ്ടീൽ തട്ടി. ‘ടമാർ പടാർ ‘.ഞാൻ ചവിട്ടി ഇറക്കി സൈഡ് ആക്കി, ഇറങ്ങി നോക്കിയപ്പോ ദേ നേരത്തെ പറഞ്ഞ ഗണത്തിൽപ്പെട്ട ഒരു ഫ്രോക്കെൻ , ക്ഷമിക്കണം ഫ്രീക്കൻ, അവൻ അവന്റെ കെടിഎം ഡ്യൂക്ക് കൊണ്ടു കയറ്റിയതാണ് . എന്റെ വണ്ടീടെ ബമ്പർ, റ്റെയിൽ ലാംപ് ഇതെല്ലാം കംപ്ലീറ്റിലി ഔട്ട്. അവനു ഒരു പരിക്കും ഇല്ല. വണ്ടി ചരിഞ്ഞു കിടപ്പോണ്ട്. എന്നിട്ട് എന്നെ നോക്കി ഒരു ചോദ്യം – “നിങ്ങൾ എന്തു പോക്കാണ് ബ്രോ”

ഏഴാം ക്ലാസ്സിൽ മോറൽസയൻസ് പഠിപ്പിച്ച ലൈല ടീച്ചറോട് മനസ്സിൽ ക്ഷമ ചോദിച്ചു കൊണ്ടു ഞാൻ അലറി – “ആരാടാ മലരേ നിൻറെ ബ്രോ, നിൻറെ കണ്ണിൽ എന്താ കുരു ആയിരുന്നോ, ഇത്രേം സ്പീഡിൽ ഈ ഇറക്കം ഇറങ്ങാൻ നീ ആരാ, ഉമ്മൻ ചാണ്ടിയോ ?”.
ഓഫീസിൽ വളരെ മാന്യനായും കുലീനനായും സദ്ഗുണസമ്പന്നൻ ആയും ഇത്രയും കാലം എന്നെ കണ്ടിരുന്ന കൂടെ ഉള്ളവന്മാർ എൻറെ അക്ഷരശുദ്ധി കണ്ടു കോരിതരിച്ചു പകച്ചു മിണ്ടാട്ടം ഇല്ലാണ്ട് എന്റെ കൂടെ വന്നു സൈഡിൽ സൈഡായി നിന്നു.
“അത് ബ്രോ, ഇതിലെ കൂടി വണ്ടി ഒന്നും അധികം പോകാറില്ല”, അതും പറഞ്ഞു കൊണ്ടു കുണ്ടിയും തടവി ഫ്രീക്കൻ എഴുന്നേറ്റു അവൻറെ വണ്ടി സ്റ്റാൻഡിൽ ഇട്ടു.

വീണ്ടും ബമ്പർ നോക്കി വിഷമിച്ച ഞാൻ അവനെ അടിമുടി നോക്കി. മുടിക്ക് ഒക്കെ ഏഴെട്ട് നിറത്തിൽ ചായം പൂശിയിട്ടുണ്ട്, സ്കൈപ്പ് അല്ല സ്പൈക്ക് ഒക്കെ ചെയ്തിട്ടുണ്ട്. കാലിൽ അത്യാവശ്യം വില മതിക്കുന്ന പ്യൂമയുടെ ഷൂസ്, ക്രോണോ വാച്ച്, ഡ്യൂക് ബൈക്ക്… മെന്റൽ കാൽക്കുലേഷനിൽ അവൻ എന്തായാലും കാശിന്റെ അഹങ്കാരം ഉള്ളവൻ ആണല്ലോ.. കിട്ടുന്നതു മേടിച്ചേക്കാം. “ഒരു ഇരുപതിനായിരം രൂപ തന്നിട്ട് നീ പോയാൽ മതി ” എന്നിലെ വിലപേശൽക്കാരൻ  ഉണർന്നു.

“അയ്യോ ചേട്ടാ എൻറെ കൈയ്യിൽ കാശൊന്നും ഇല്ല, എന്നെ ഒരു അനിയൻ ആയി കരുതി വെറുതെ വിടണം”
“ചേട്ടാ , അനിയാ – ഈ വാക്കൊക്കെ അറിയാമല്ലോ, എന്നിട്ടാണോടാ പുന്നാര #@$#  മോനെ നേരത്തെ നീ ബ്രോ എന്നൊക്കെ ഉണ്ടാക്കിയത് ??” – ഈ തെറി കൂടി കേട്ടപ്പോൾ എന്റെ കൂടെ വന്നവന്മാർ എന്തോ അത്യാവശ്യം വന്നത് പോലെ ഫോണും എടുത്തു ആ ഇറക്കത്തിന്റെ അറ്റം ഉള്ള കലിങ്കിൽ പോയി ഇരിപ്പായി.

“നീ കാശ് തന്നിട്ടേ പോകാത്തൊള്, അടൂർ എസ്ഐ  നമുക്ക് അറിയാവുന്ന ആളാ” – ഞാൻ തള്ളിയതല്ല, പുള്ളി ദിനേശിന്റെ കൂട്ടുകാരൻ അഭിലാഷിന്റെ അനിയൻ അരുണിന്റെ കൂടെ പിഎസ്സി കോച്ചിങ്‌ന് പോയ ബിജുവിന്റെ ആദ്യ ഭാര്യയുടെ അയൽക്കാരൻ ആണ്‌. വേണം എന്നു വെച്ചാൽ ഒരു 15 ഫോൺ കോളിൽ പുള്ളിയെ ഒപ്പിക്കാം.
“ചേട്ടായി ഇത് അടൂർ പരിധി അല്ല , ഇത് ആലപ്പുഴ ജില്ലാ ആണ്”
“കൗണ്ടർ അടിക്കുന്നോടാ സ്‌കൗണ്ട്രൽ, ഏതു ജില്ലാ ആണെങ്കിലും നമുക്ക് പിടിപ്പാട് ഉണ്ട്, നീ കളിക്കാണ്ട് കാശ് എടുക്കെടാ ഫ്രീക്കേ”
ഇത്രയും സംഭവം ഉണ്ടായിട്ടും ഒരു മനുഷ്യകുഞ്ഞു പോലും അതു വഴി വന്നു കണ്ടില്ല. അവന്റെ കയ്യിൽ ഇത്രേം കാശ് ഒന്നും കാണില്ല. എന്താ ചെയ്ക?
“നിന്റെ പേരെന്താ?”
“അലെൻ , അലെൻ ചെറിയാൻ “
“നീ എന്തു ചെയുവാ”
“പഠിക്കുവാ, പ്ലസ് ടു “
“അപ്പൊ നിനക്കു ലൈസെൻസ്ഉം ഇല്ലേ “
“അയ്യോ ചേട്ടാ , ലെർണേഴ്‌സ് ഉണ്ട്, അടുത്ത മാസം കിട്ടും”
“നിനക്കെത്ര വയസ് ഉണ്ട്?”
“18 “

അവൻറെ ലൈസെൻസ് കണ്ടിട്ട് എനിക്കെന്ത് കിട്ടാനാ? നമുക്ക് വേണ്ടത് കാശ്  അല്ലെ കാശ് …
“സമയം പോകുന്നു അലാ, നിന്റെ വീട് എവിടാ?”
“ഇവിടെ അടുത്താ, ഒരു 2കിലോമീറ്റർ  പോണം  “
“ആഹാ , എന്നാ നീ നിന്റെ വീട്ടിൽ വിളിക്കു , കാശും എടുത്തോണ്ട് വരാൻ പറ, ഞങ്ങൾക്ക് വേറെ പണി ഉണ്ട്
“അയ്യോ ചേട്ടാ , വീട്ടിൽ ഒന്നും അറിയിക്കല്ലേ , കലിപ്പാകും”
“ആവണം , നിന്നെ പോലെ കാശിന്റെ അഹങ്കാരത്തിൽ കയറി നിരങ്ങുന്ന പിള്ളേരെ വളർത്തുന്ന തന്തയും തള്ളയും ഒക്കെ അറിയണം നിന്റെ ഒക്കെ പോക്കിന്റെ അവസ്ഥ, നീ ഫോൺ എടുത്തു വീട്ടിൽ വിളിക്കെടാ? “
എന്റെ ഒച്ച കേട്ടു പേടിച്ച അവൻ അപ്പൊ തന്നെ ജീൻസ് പോക്കറ്റിൽ നിന്നും ഏതോ വില കൂടിയ തൊട്ടു വിളിക്കുന്ന ഫോൺ എടുത്തു ആരെയോ വിളിച്ചു. ഞാൻ മറ്റവന്മാരോട് സംസാരിക്കാൻ പോയി, പക്ഷെ ഇവൻ ഫോണിൽ സംസാരിക്കുന്നത് ഞാൻ കേട്ടു.

“ഹലോ , ലില്ലി ചേച്ചി , ഞാൻ അലനാ , ഫോൺ ഒന്നു അപ്പന്റെ കയ്യിൽ കൊടുക്കുമോ?” പിന്നെ ഇച്ചിരി നേരം ഗാപ്. അതു കഴിഞ്ഞപ്പോ അവൻ അപ്പനോട് എന്തൊക്കെയോ പറയുന്ന കേട്ടു. ഞാൻ മൈൻഡ് ചെയ്തില്ല. അവൻ ഫോൺ വെച്ചിട്ട് “അപ്പൻ വരാമെന്ന് പറഞ്ഞു” എന്നു എന്നോട് മൊഴിഞ്ഞു. ഞാൻ അവന്റെ ബൈക്കിന്റെ താക്കോൽ ഊരി കാറിന്റെ മുന്നിൽ ചെന്നു നിന്നു. അവൻ പേടിച്ചു വിറച്ചു , അല്ലേൽ പേടി അഭിനയിച്ചു ബൈക്കിൽ ചാരി നിന്നു. മറ്റവന്മാർ കലിങ്കിന്റെ പുറത്തു ഫോണിൽ ആംഗ്രിബേർഡ്‌സും കളിച്ചോണ്ടും ഇരിന്നു. അപ്പന് വേണ്ടിയുള്ള കാത്തിരിപ്പു തുടങ്ങി.

ഒരു പത്തു മിനുറ്റ് കഴിഞ്ഞപ്പോൾ  ആ വഴിയുടെ അങ്ങേ തലക്കലിൽ നിന്നും ഒരു മെലിഞ്ഞ മനുഷ്യൻ സൈക്കിൾ ചവിട്ടി വരുന്നു. ഏയ്, ഇയാൾക്കു ഇവന്റെ അപ്പൻ ആവാൻ ഉള്ള മിനിമം യോഗ്യത പോലും ഇല്ല. ഡ്യൂക് മേടിക്കാൻ കുറഞ്ഞത് ഒന്നര ലക്ഷം എങ്കിലും വേണം. പുല്ല്, ഇനിയും കാത്തിരിക്കണമല്ലോ? പക്ഷെ പുള്ളി നമ്മളെ തന്നെ ലക്ഷ്യമാക്കി വരുന്നതാവും. ഛെ, ഇവനെ അറിയാവുന്ന ഏതേലും നാട്ടുകാരൻ ആയിരിക്കും. സാധാരണ അപകടം ഉണ്ടാവുമ്പോൾ  ചെറിയ വണ്ടിക്കു സപ്പോർട് ചെയ്യുക എന്നൊരു നാട്ടുനടപ്പ് ഈ നാട്ടുകാർ എന്ന അലവലാതി വിഭാഗത്തിന് ഉണ്ട്. ആഹ് , വരുന്ന പോലെ വരട്ടെ, നമ്മൾ വിട്ടു കൊടുക്കില്ല. തെറ്റ് അവന്റെ ആണ്. കാശ് മേടിച്ചിട്ടേ ഞാൻ പോകൂ. അതിനി സ്വാധീനം ഉപയോഗിച്ചു പൊലീസുകാരെ ഇവിടെ കൊണ്ടുവരേണ്ടി വന്നാലും ശരി.

വന്നപാടെ സൈക്കിൾ സ്റ്റാൻഡ് ഇട്ട് സൈഡിൽ ഒതുക്കി പുള്ളി ആ ഫ്രീക്കൻറെ മുഖത്തു ഒന്നു നോക്കിയിട്ട് എന്റെ മുന്നിൽ വന്നു ഭയഭക്തിബഹുമാനത്തോടെ മൊഴിഞ്ഞു – “സാറേ, ക്ഷമിക്കണം, എനിക്കു ഫോൺ ഇല്ല , വീട്ടിലും ഫോൺ ഇല്ല , അപ്പുറത്തെ വീട്ടിലെ കൊച്ചിന്റെ ഫോണിലാ അവൻ വിളിച്ചതു, അതോണ്ടാ ഇത്രേം താമസിച്ചേ “
“ഹെന്ത് :O”
പുള്ളി പറഞ്ഞതു മലയാളം ആണെങ്കിലും ഏതോ അന്യഭാഷാ ജീവിയുടെ വായിൽ നിന്നും എന്തോ അനർഗ നിർഗ്ഗള  നാദം കേട്ടത് പോലെയാണ് എനിക്കു തോന്നിയത്. സത്യത്തിൽ ഞാൻ ഒരു ഒന്നൊന്നര ഞെട്ടൽ ഞെട്ടി. ആ ഫ്രീക്കന്റെ അച്ഛൻ ആവാൻ ഈ മനുഷ്യന് എങ്ങിനെ പറ്റും?  അച്ഛൻ ആവാൻ പോയിട്ട് ജാരഅച്ഛൻ ആവാൻ പോലും ഇയാൾക്കു അർഹത ഇല്ല. ഫോൺ ഇല്ലാത്ത സൈക്കിളിൽ വരുന്ന ഒരു അച്ഛൻ, അച്ഛൻ ആണത്രേ അച്ഛൻ :/ :/

“അവൻ പോയിക്കോട്ടെ, എന്ത് സമാധാനം വേണേലും നമുക്ക് ഉണ്ടാക്കാം” – എൻറെ വില കുറഞ്ഞ ചിന്തകളെ ഭേദിച്ചു കൊണ്ടു പുള്ളി പറഞ്ഞു. ഇത്രെയും പ്രായം ഉള്ളവർ സാർ എന്ന് വിളിക്കുന്നത് ഇഷ്ടം അല്ലാത്തോണ്ട് ഞാൻ പറഞ്ഞു – “ചേട്ടാ എന്റെ പേര് സുഭാഷ് എന്നാണ്, പേര് വിളിച്ചാൽ മതി”
“ശരി കുഞ്ഞേ, വണ്ടിക്കു എന്തു ചിലവ് വരും ശരിയാക്കാൻ “
ആ കുഞ്ഞേ വിളിയിൽ ഞാൻ വീണു.
“അതിപ്പോ ചേട്ടാ ഇൻഷുറൻസ് ഉണ്ട്. പക്ഷെ നോ ക്ലെയിം ബോൺസ് വിഷയം വരുന്നുണ്ട്. അതോണ്ട് ക്ലെയിം ചെയ്യാണ്ട് റിപ്പയർ ചെയ്യാൻ ഒരു ഇരുപതിനായിരം എങ്കിലും വേണ്ടി വരും”
“അയ്യോ , ഇരുപത്തിനായിരമോ ? ഞാൻ അപ്പുറത്തെ വീട്ടിൽ നിന്നും ആയിരം രൂപ മേടിച്ചോണ്ടാ വന്നത്…. ഉടനെ തന്നെ തരാൻ…ഇച്ചിരി നേരം തന്നാൽ ഞാൻ മേടിച്ചോണ്ടു വരാം , അവൻ പൊയ്ക്കോട്ടേ , ഞാൻ വേണേൽ കടലാസ്സിൽ ഒപ്പിട്ടു തരാം”
എനിക്കൊന്നും മനസ്സിലാകുന്നില്ല. ഇവിടെ എന്താണ് സംഭവിക്കുന്നത്.
“ചേട്ടനു  എന്താ ജോലി?”
“റബ്ബർ വെട്ടൽ ആണ് കുഞ്ഞേ “
“സ്വന്തം റബ്ബർ എസ്റ്റേറ്റ് ആണോ?”
“അയ്യോ അല്ല, വേറെ മുതലാളിമാരുടെ പറമ്പിൽ പണിക്കു പോകുവാ”
“ഈ ബൈക്ക് അവന്റെ അല്ലെ?”
“അതേ , എന്റെ പേരിലാ , അത് എടുക്കുമ്പോൾ അവനു പ്രായപൂർത്തി ആയിട്ടില്ലായിരുന്നു”
“ചോദിക്കുന്നൊണ്ട് ഒന്നും തോന്നരുത് , സൈക്കിളിൽ പോകുന്ന ചേട്ടൻ മോന് ഈ ഒന്നരലക്ഷത്തിന്റെ വണ്ടി മേടിച്ചു കൊടുത്തു എന്നു പറയുമ്പോൾ , അതിനുള്ള വരുമാനം ?”
 “അവൻ…. അവൻ ചത്തു കളയും എന്നു പറഞ്ഞു കുഞ്ഞേ , 2 ദിവസം കതക് അടച്ചു ഭക്ഷണം പോലും കഴിക്കാതെ ഈ സ്കൂട്ടർ മേടിച്ചില്ലേൽ ചത്തു കളയും എന്നു പറഞ്ഞു” പുള്ളി സത്യത്തിൽ വിതുമ്പി. അയാളുടെ കണ്ണുകൾ നനഞ്ഞു തുടങ്ങി.

“മുതലാളിയുടെ കയ്യിൽ നിന്നും പലിശക്കും ഇളയ മോൾക്ക്‌ വേണ്ടി കരുതി വെച്ചിരുന്ന 5 പവനും വിറ്റിട്ടാ അവനു ഈ സ്കൂട്ടർ മേടിച്ചു കൊടുത്തത്, ഒരു ആൺതരി ഇല്ലേ ഉള്ളൂ, അവൻ ചാകും എന്നു പറഞ്ഞാൽ ഞാൻ എന്തു ചെയ്യാനാ? ഞങ്ങളെ വയസ്സാം കാലത്തു നോക്കാൻ അവൻ ഇല്ലേ കാണൂ സാറേ” – അയാൾ ഷർട്ടിന്റെ കയ്യിൽ കണ്ണീർ തുടച്ചു കൊണ്ടു പറഞ്ഞു…
സാർ അല്ല കുഞ്ഞ് എന്നൊന്നും ഞാൻ തിരുത്താൻ പോയില്ല,, എന്റെ വായിൽ ഒരു ശബ്ദം പോലും വരുന്നില്ല. ഞാൻ ആ ഫ്രീക്കന്റെ മുഖത്തോട്ട് ഒന്നു നോക്കി. ഈ ജന്തു ആണോ ഇവരെ വയസ്സ് കാലത്തു നോക്കാൻ പോകുന്നത്. ഇവന്റെ ഈ പോക്കിന് അടുത്ത വിനയന്റെ സിനിമ ഇറങ്ങുന്നതിനു മുൻപേ ഇവൻ പുഖ ആവും, നോ ഡൗട്ട്. ഫോണേൽ ഗെയിം കളിചോണ്ടിരുന്ന ലവന്മാർ വരെ ഈ കഥന കഥ കേട്ടു ഞെട്ടി പണ്ടാരം അടങ്ങി.

“അപ്പൊ ഈ ഷൂസ്ഉം വാച്ചും ഒക്കെ?”
“കാശ് ചോദിക്കും, അവൻ തന്നെയാ എല്ലാം മേടിക്കുന്നെ, കാശ് ഇല്ലെന്നു പറഞ്ഞാൽ ബഹളം വെയ്ക്കും, ആഹാരം കഴിക്കില്ല, എങ്ങിനെ എങ്കിലും ഒപ്പിച്ചു കൊടുത്തു പോകും. അവനെയും കുറ്റം പറയാൻ പറ്റില്ല , കൂട്ടുകാർക് ഒക്കെ ഉണ്ടാകുമ്പോൾ അവനും ആഗ്രഹം കാണില്ലേ , ഈ സ്കൂട്ടർ അവന്റെ എല്ലാ കൂട്ടുകാർക്കും ഉണ്ട് കുഞ്ഞേ..”
“ഡ്യൂക്കോ ?”
“പേരൊന്നും എനിക്ക് അറീല, വൈകിട്ടു ആ കവലയിൽ ചെന്നാൽ കാണാം, എല്ലാർക്കും ഈ ജാതി വണ്ടികളാണ് ” അവനെ നോക്കീട്ട് അയാൾ തുടർന്നു “അവൻ പൊയ്ക്കോട്ടേ, കാശ് ഞാൻ ഒപ്പിച്ചു തരാം , സത്യം”
“ഇവൻ പഠിക്കുമോ? “
“പ്ലസ് ടു അഞ്ചു പേപ്പർ കൂടിയേ കിട്ടാൻ ഉള്ളൂ എന്നാ പറയുന്നേ “
നമ്മൾ പ്രീഡിഗ്രി ആയോണ്ട് ഇതിന്റെ കണക്കൊന്നും അറിയില്ല . എന്നാലും അവൻ അങ്ങേരെ പറ്റിക്കുവാ എന്നെനിക്കു മനസ്സിലായി. ഇനിയും വീട്ടിലെ കാര്യങ്ങൾ ചോദിച്ചു കൂടുതൽ ഡെസ്പ് ആവണ്ടിരിക്കാൻ ഞാൻ പറഞ്ഞു – “അവൻ പൊയ്ക്കോട്ടേ ” താക്കോൽ ഞാൻ അവന്റെ നേരെ എറിഞ്ഞു കൊടുത്തു.
താക്കോൽ കിട്ടിയപാതി അവൻ ഡ്യൂകും പറപ്പിച്ചോണ്ടു ഒറ്റ പോക്ക്.
“കുഞ്ഞ് ആ കവല വരെ വന്നാൽ മതി , ഞാൻ ആരുടേങ്കിലും കയ്യിൽ നിന്നും കാശ് മേടിച്ചു തരാം, ഞാൻ സൈക്കിളിൽ പോകാം, നിങ്ങൾ പിറകെ വന്നാൽ മതി “
“അത് വേണ്ട ചേട്ടാ , ആൾറെഡി ഞങ്ങൾ താമസിച്ചു , ഒരു കല്യാണത്തിനു ഇറങ്ങിയതാ, അവനോടു വണ്ടി സൂക്ഷിച്ചു ഓടിക്കാൻ പറഞ്ഞാൽ മതി , ഞങ്ങൾ അങ്ങോട്ടു തിരിക്കുവാ” ഇതും പറഞ്ഞു ഞങ്ങൾ വണ്ടിയിൽ കയറി.
ഒരു വലിയ ബാധ്യത തലയിൽ നിന്നു ഒഴിഞ്ഞത് പോലെ ഉള്ള ആഹ്ളാദം ആ മനുഷ്യൻറെ മുഖത്തു ഞാൻ കണ്ടു. “ഈ ആയിരം രൂപ കുഞ്ഞ് മേടിക്കണം, അതെങ്കിലും…”
“വേണ്ട ചേട്ടാ , ഇൻഷുറൻസ് ഉള്ളതു ഇതിനൊക്കെ അല്ലെ, ബമ്പർ ടു ബമ്പർ ആണ് , കാശ്  ഒന്നും ചിലവാകില്ല, അപ്പൊ ശരി , ഞങ്ങൾ പോകുവാ ” ഞാൻ വണ്ടി സ്റ്റാർട് ആക്കി
“ഒരുപ്പാട്‌ നന്ദി ഉണ്ട് സാറന്മാരെ ” – തൊഴുകൈകളോടെയും നിറകണ്ണുകളോടെയും അയാൾ ഞങ്ങളെ നോക്കി. സീൻ ഓവർ ആകണ്ടിരിക്കാൻ ഞാൻ ടാറ്റ പറഞ്ഞു അപ്പോഴേ വണ്ടി എടുത്തു യാത്ര തുടർന്നു.

ആ സൈക്കിളിൽ വന്ന മനുഷ്യൻ കാണിച്ചതും പറഞ്ഞതും ഒക്കെ ഒരു നാടകം ആയിരിക്കണേ എന്ന പ്രാർത്ഥന ആയിരിന്നു ആ ദിവസം മുഴുവൻ. അയാൾ എന്നെ പറ്റിച്ചാലും സാരമില്ല, അയാളുടെ മകൻ അയാളെ പേടിപ്പിച്ചു ഫ്രീക്കൻ ആയി നടക്കരുതേ എന്നു ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം എന്നത് ശരി ആണെങ്കിലും ഫ്രീക്കൻമ്മാരെ കണ്ടാൽ അറിയില്ലലോ വീട്ടിലെ പഞ്ഞം. ഈ സംഭവം കുറച്ചു കസിൻസുമായി പങ്കു വെച്ചപ്പോൾ ആണ് ഈ ഫ്രീക്കന്മാരിൽ ഭൂരിഭാഗവും വീട്ടിൽ പട്ടിണി ആണെങ്കിലും തന്തയെയും തള്ളയേയും പട്ടിയെ പോലെ പണി എടുപ്പിച്ചു, അവരുടെ കാശും കൊണ്ടാണ് ഈ ഷോ ഒക്കെ കാണിച്ചു നടക്കുന്നത് എന്ന പരസ്യമായ സത്യം ഞാൻ മനസ്സിലാക്കിയത്.

ഇതു ഇങ്ങനത്തെ മക്കളുള്ള സകല മാതാപിതാക്കൾക്കും ഞാൻ ഡെഡികേറ്റ് ചെയുന്നു. 

Saturday, February 27, 2016

അദൃശ്യ കുടിയൻ - Invisible Drunkard

അദൃശ്യ കുടിയൻ 
കൊറേ അലഞ്ഞു അവസാനം ഒരു വീട് വാടകയ്ക്ക് ഒപ്പിച്ചു. 2 അറ്റാച്ച്ഡ്‌ ബെഡ്റൂം, ഹാൾ കിച്ചൻ, വർക്ക്‌ഏരിയ, പോർച്ച്. 8000 വാടക. ഭാര്യ വരുമെന്നും പറഞ്ഞാണ് വീട് എടുത്തത്‌ എങ്കിലും ഇത് വരെ അവളുടെ ട്രാൻസ്ഫെർ ശരി ആയിട്ടില്ല. അവൾ വരുന്ന വരെ ഒറ്റയ്ക്ക് താമസിക്കണം.
ആദ്യ ദിവസം ഫ്രിഡ്ജ്, കുറച്ച കസേര , അല്ലറ ചില്ലറ സാധനം ഒക്കെ വാങ്ങി, കൂടെ കുറച്ച അപ്പുറത്ത് താമസിക്കുന്ന വിനയൻ വന്നിരിന്നു. എല്ലാം അടുക്കി വെച്ചിട്ട് ഓട്ടോക്കാരനെയും പറഞ്ഞു വിട്ടിട്ട് ഓർമ്മകൾ അയവിറക്കാൻ പോയി ഒരു ഫുൾ ബക്കാർഡി മേടിച്ചോണ്ട് വന്നു 3 പെഗ് വീതം അടിച്ചിട്ട് അവൻ ടാറ്റാ പറഞ്ഞു പോയി. ഞാൻ അവിടെ ഉള്ള കട്ടിലിൽ, ഞാൻ കൊണ്ട് വന്ന മെത്തയിൽ കിടന്നു മധോന്മാത്താൻ ആയി ഒറങ്ങി. ഒറക്കത്തിന്റെ മയക്കത്തിൽ മുടിഞ്ഞ കൂർക്കം വലിയുടെ ശബ്ദം. അടുത്തൊന്നും വേറെ വീടില്ല. എന്റെ കൂർക്കം വലി ഞാൻ തന്നെ കേൾക്കുന്ന പ്രതിഫാസം. ഫാര്യ (എന്റെ സ്വന്തം) പറഞ്ഞു കേട്ടിട്ടുണ്ട് ഞാൻ കൂര്ക്കം വലിക്കും എന്ന്. അഹ് , പുല്ല് . എന്തേലും ആവട്ടെ എന്നും പറഞ്ഞു മൂടി പുതച്ചു കിടന്നു ഉറങ്ങി. രാവിലെ എണീച്ചു വൃത്തി ആക്കാൻ നോക്കിയപ്പോൾ ബക്കാർഡി കുപ്പി കാലി. ഓഹോ. അപ്പൊ 3 പെഗ് വരെ എന്നിയപ്പോൾ ബോധം പോയാർന്ന്, അല്ല്യോ? എല്ലാം വൃത്തി ആക്കി ആപ്പീസിൽ പോയി.
ദിവസങ്ങൾ കടന്നു പോയി. ട്രാൻസ്ഫർ ഒന്നും ആയില്ല. ഞാൻ എല്ലാ ആഴ്ചയും ശനി, ഞായർ ദിവസങ്ങളിൽ നാട്ടിൽ പോകും. തിങ്കൾ രാത്രി വിനയനും ചിലപ്പോൾ അരുണനും ആയി കള്ളു കുടിക്കും. എന്നിട്ട് അവന്മാർ അവരോരുടെ വീട്ടിൽ പോകും. ഞാൻ ഉറങ്ങും. കൂർക്കം വലി കേൾക്കും. മൈൻഡ് ചെയ്യാണ്ട് പിന്നേം കിടന്നു ഉറങ്ങും. രാവിലെ എണീക്കുമ്പോൾ കുപ്പി പിന്നേം ഗാലി. ആരും കുപ്പി തീർതതായി ആർകും ഓർമയും ഇല്ല.
അതിനിടെ മഞ്ഞപിത്തം പോലൊരു സാധനം വന്നു. കഴുത്തിൽ കൂതറ വള്ളി പോലത്തെ സാധനവും വെള്ള കോട്ടും ഇട്ട കാപാലികൻ എന്നോട് ഇപ്രകാരം അരുൾ ചെയ്തു -"ഒരു വർഷത്തേക്ക് കുടിക്കരുത്"
പുച്ഛത്തോടെ ഞാൻ ആസ്കി - "കുടിച്ചാൽ ?"
"ഒരിക്കലെ അനിയൻ കുടിക്കതോള്, പിന്നെ വിഷമത്തിൽ കൂട്ടുക്കാർ കുടിചോളും "
ആശ നശിച്ചവനെ പോലെ അവിടം വിട്ടു ഇറങ്ങി.
ലീവ് കഴിഞ്ഞ ചെന്ന അടുത്ത തിങ്കൾ വൈകിട്ട് കൃത്യം ആയി ധാ വന്നു നില്ക്കുന്നു പാപികൾ. അരുണൻ അമേരിക്ക വരെ B1 വിസായിൽ പോയിട്ട് വന്നത്രെ. പ്രേമത്തിലെ അബ്സിന്തെ ഇല്ലേ അതിനെക്കാൾ വീര്യം കൂടിയ എന്തോ കൊണ്ട് വന്നിടുണ്ട് എന്ന്. STROH (സ്ട്രോ) എന്നാണ് പേര്. "പിന്നെ.." അമ്മാവന്റെ കടയിൽ പണ്ട് രണ്ടു രൂപയ്ക്കു ഡ്രിങ്ക്സ് മേടിച്ചാലും സ്ട്രോ ഫ്രീ ആയിരുന്നു. മ്ലേച്ചൻമാർ. അവരുടെ വീട്ടില് ഫാര്യമാർ ഉള്ളോണ്ട് ഇവിടെ ഇരിന്നു കുടിച്ചോട്ടെ എന്ന്. "അഹ് , കുടി". സ്പർശന സുഖം ഇലെല്ലും ദർശന പുണ്യം എങ്കിലും ഉണ്ടല്ലൊ. എന്തോ അല്കഹോൾ എണ്പതു ശതമാനത്തിന്റെ കണക്കു ഒക്കെ പറഞ്ഞും, അമേരിക്കൻ തള്ളലുകൾ തള്ളിയും അത് കഷ്ടിച്ച് 150മില്ലി അടിചേച്ചു കുപ്പിയും കൊണ്ട് അടുകളയിൽ വെച്ചിട്ട് അവന്മാർ പോയി. ഒരു സമാധാനത്തിനു കളർ എങ്കിലും കിട്ടാൻ വേണ്ടി ഞാൻ ഒരു കട്ടൻ ചായ ഉണ്ടാക്കി സിപ്പി സിപ്പി മോന്തി. ഒരു കുടിയന്റെ രോദനം.
news-stroh_01
ന്യൂസ്‌ ചാനലിലെ കൂതറ ചർച്ചകൾ കണ്ടു മടുത്തു പോയി കട്ടിലിൽ കിടന്നു. ഉറങ്ങി ഒരു പാതി , പാതിര, പാതിരാ, രാത്രി ആയപ്പോ എന്റെ കൂർക്കംവലി കേട്ട് ഞാൻ ഉണർന്നു. മുള്ളിയേക്കാം എന്നു മനസ്സിൽ ഉറപ്പിച്ചു ടോയിലേറ്റ് ലക്ഷ്യമാക്കി ഞാൻ നീങ്ങി. മുള്ളി തുടങ്ങിയപ്പോൾ ആണ് എനിക്ക് അത് മനസ്സിലായത്. ഞാൻ പ്രവർത്തിപ്പിക്കുന്ന യന്ത്രത്തിൽ നിന്നും അല്ല ശബ്ദം വരുനത്‌. ഛെ. അതല്ല. മുള്ളുന്ന കാര്യം അല്ല. കൂർക്കം വലിയുടെ കാര്യം. പോലീസുകാരനെ കണ്ട ഹെൽമെറ്റ്‌ ഇല്ലാത്ത ന്യൂജെൻ ഫ്രീക്കനെ പോലെ മുള്ളൽ സടൻ ബ്രേക്ക്‌ ഇട്ടു നിന്നു. നല്ല ഒന്നാംതരം ഡിസ്ക് ബ്രേക്ക്‌.
ആരെ വിളക്കും. വീട്ടിന്റെ അകത്തു നിന്ന് ആണ്ണല്ലോ ശബ്ദം. പൊതുവെ എല്ലാവരുടെയും മുന്നിൽ ധൈര്യം ഉണ്ടെന്നു കാണിക്കുന്ന ശരാശരി മലയാളിയെ പോലെ ഉള്ള ഞാൻ അടുകളയിൽ കേറി പിച്ചാത്തി എടുക്കാൻ രണ്ടും കല്പ്പിച്ചു അടുകളയിലേക്ക്‌ ഓടി. ഓടി കേറി ലൈറ്റ് ഇട്ടു.
"മൂഞ്ചി "
ശബ്ദം അടുകളയിൽ തന്നെയാണ്. അടുകള സ്ലാബിന്റെ മേലിൽ നിന്നും ആണു ആ കൂര്ക്കംവലി ശബ്ദം. എനിക്ക് എന്തേലും കൊഴപം ഒണ്ടോ എന്നറിയാൻ ഞാൻ കണ്ണും ചെവിയും ഒക്കെ തിരുമ്മി നോക്കി. യെസ് , ഐ ആം ദി റൈറ്റ്. ആ കുപ്പി ഏതാണ്ട് 20മില്ലി ബാക്കി മാത്രമായി സ്ലാബിന്റെ അങ്ങേ തലക്കൽ ഇരിക്കുന്നു. വിയർത്തു കുളിച്ചു പരവശനായി എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പകച്ചു നിന്ന്. പെട്ടന്ന് കൂർക്കം വലി ഒരു ഞരങ്ങൽ ആയി മാറി .
"അയ്യോ , അമ്മെ , ആാഹ്ഹ്, ഗ്ര്ർ , പ്ര്ർ , മ്ര്ർ " ഒരു മനുഷ്യന്റെ സ്വരം വളരെ വ്യക്തം ആയി കേട്ട ഞാൻ എല്ലാ കഥയിലും സംഫവിക്കുനത് പോലെ വെട്ടിയിട്ട വാഴ പോലെ ബോധം കെട്ട് വീന്നു.
രാവിലെ ഏതാണ്ട് ഏഴു മണി അടുപ്പിച്ചാണ് എനിക്ക് ബോധം വന്നത്. വന്നപ്പാടെ അടുകളയിലെ സകല സാധനങ്ങളും തകിടം മറിഞ്ഞു കിടക്കുന്നു. അടുകള സ്ലാബിന്റെ അടിയിൽ കിടന്ന സകല പാത്രങ്ങളും അവിടേം ഇവിടേം ഒക്കെ കിടക്കുന്നു, ആരോ വെപ്രാളത്തിൽ എന്തൊക്കെയോ ചെയ്ത പോലെ. അപ്പോൾ തന്നെ തലേന്ന് കുടിക്കാൻ വന്ന തെണ്ടികളെ വിളിച്ചു വരുത്തി. അവന്മാർ ഞാൻ പറഞ്ഞതൊക്കെ കേട്ടു . ഞാൻ മഞ്ഞപിത്തം ആയോണ്ട് കുടിക്കില്ല എന്ന് ഉറപ്പുള്ള അവന്മാർ അവിശ്വാസം ഒന്നും പറഞ്ഞില്ല. കൊറേ ആലോചിച്ചു. പോലീസിൽ ഒന്നും പറയാൻ പറ്റില്ല. ആരും വിശ്വസിക്കില്ല. രാത്രി അവർ കൂടി വരാം എന്നും പറഞ്ഞു പോയി.
രാവിലെ ഇറങ്ങി അപ്പുറത്തും ഇപ്പുറത്തും ഒക്കെ നൈസ് അയി ഒന്ന് തിരക്കി. അപ്പൊ കേട്ട കഥ. അവിടെ പണ്ടൊരു വർഗീസ് ചേട്ടൻ ഉണ്ടായിരിന്നു. എന്നും ഒരു പൈന്റ് ജവാൻ റം വെള്ളം ചേർക്കാണ്ട്‌ കുടിച്ചു കൊണ്ടിരുന്ന പുള്ളി, ആ പഞ്ചായത്തിലെ ബിവറെജ് പൂട്ടിയത് അറിഞ്ഞു ഹൃദയം പൊട്ടി മരിച്ചു അത്രേ. പ്രേതം തന്നെ ആണെന്ന് ഞങ്ങൾ ഉറപ്പിച്ചു.
രാത്രി ഞങ്ങൾ ഒരു ഫുൾ മേടിച്ചു അടുകളയിൽ കൊണ്ട് വെച്ചു. എന്നിട്ട് കൊന്തയും, കുരിശും , വെള്ളിയും, സന്തോഷ്‌ പണ്ഡിറ്റ്ഇന്റെ ഒരു ഫോട്ടോയും ആയി കാത്തിരിന്നു. അന്ന് ഒന്നം സംഭവിച്ചില്ല. ഫുൾ രാവിലെ അരുണൻ തന്നെ കൊണ്ടു പോയി. ലീവ് എടുത്തു അന്ന് തന്നെ വീട് മാറാൻ ഞാൻ തീരുമാനിച്ചു. അവന്മാരും വന്നു. പെട്ടി ഓട്ടോയും വന്നു. വിനയന്റെ വീട്ടിൽ തല്കാലം സാധനങ്ങൾ എല്ലാം കൊണ്ട് വെയ്ക്കണം. ഓരോ മുറിയും ഒഴിച്ചു ഒഴിച്ച് സാധനങ്ങൾ ഓട്ടോയിൽ ആക്കി. ആടുകള സ്ലാബിന്റെ അടിയിൽ കിടക്കുന്ന സ്പൂൺ ശ്രദ്ധയിൽ പെട്ട ഞാൻ കുനിഞ്ഞു അത് എടുത്തു. യാദ്രിശ്ചികമായി എന്റെ നോട്ടം ആ സ്ലാബിന്റെ അടിയിലെ മതിലിൽ പതിഞ്ഞു.

ആ മതിലിൽ എന്തോ സ്പൂൺ കൊണ്ട് എഴുതി വച്ചിരിക്കുന്നു, ഞാൻ താഴോട്ടു ഇറങ്ങി സൂക്ഷിച്ചു നോക്കി വായിച്ചു - "എന്ത് പട്ടി-കൂതറ സാധനം ആടാ മലരുകളെ ഇത്, ഞാൻ ഇപ്പൊ വീണ്ടും ചാകുവേ :( :( :( :(  "

Saturday, January 2, 2016

ഒടുക്കത്തെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ (പോലീസ് പിടിച്ചില്ല എങ്കിൽ )

ഒടുക്കത്തെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ (പോലീസ് പിടിച്ചില്ല എങ്കിൽ )
(Final Facebook post)

An open letter to Government of Kerala



എന്റെ പേര് മിതുൻ രാജ്. ഞാൻ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണു, അപ്പർ മിഡിൽ ക്ലാസ്സ്‌ എന്ന് പറയാം. ഇവിടെ തിരുവനന്തപുരം ടെക്നോപാർക്കിൽ കഴിഞ്ഞ 8 വർഷമായി ജോലി ചെയ്യുന്നു. 31 വയസ്സ്. ഭാര്യ പഠിത്തം കഴിഞ്ഞു, ജോലി ആയിട്ടില്ല. ഒരു മോൾ ഉണ്ട്, ആസ്മി - 3 വയസ്സ്. എന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയാണ്. ഞാൻ എല്ലാ വർഷവും സർക്കാരിന് ഏകദേശം 50000/- രൂപ ഇൻകംറ്റാക്സ് ഇനത്തിൽ മാത്രം അടയ്കാറുണ്ട്.

 കഴിഞ്ഞ ഒരു മാസമായി ചുമ മാറാതെ ഉണ്ടായിരിന്നു. അങ്ങിനെ കൊല്ലത്തുള്ള രണ്ടു മൂന്നു ഡോക്ടർമാരെ കണ്ടതിനു ശേഷം സ്കാനിംഗ്‌ ഒക്കെ എടുത്തു, ഏതാണ്ട് 75000/- രൂപായോളും ചിലവക്കിയതിനു ശേഷം കഴിഞ്ഞ ആഴ്ച തിരുവനന്തപുരം RCC യിൽ ചെന്നു. ദുല്ഖറിന്റെ ചാർളി കാണാൻ ആദ്യ ദിവസം ഇത്രേം തിരക്ക് ഇല്ലായിരിന്നു. അമ്മാതിരി ഇടി. ഇടയ്ക്കു സ്വാധീനം ഉള്ളവർ നേരത്തെ കേറി ഡോക്ടറെ കണ്ടു. 8മണി മുതൽ അവിടെ നിന്ന ഞാൻ ഏതാണ്ട് 4 മണി അടുപ്പിച്ചു ഡോക്ടറെ കണ്ടു ആ സന്തോഷ വർത്തമാനം മനസിലാക്കി. എനിക്ക് CLL ആണത്രേ (Chronic Lymphocytic Leukemia). നമ്മൾ ഈ പോളിറ്റെകനികിൽ ഒന്നും പഠിച്ചിട്ടിലല്ലോ. അതോണ്ട്‌ യന്ത്രം തകരാറിൽ ആയതു അറിഞ്ഞില്ല. ഓടി ഓടി എഞ്ചിൻ നാശം ഏതാണ്ട് 3rd സ്റ്റേജ് ആരംഭം ആയത്രേ. ഇനീപ്പോ സർജറി പറ്റില്ല. ഏതേലും നല്ല ആശുപത്രിയിൽ പോയി കീമോയും രേടിയെഷൻ ഉം ചെയ്യണം. വില നിലവാരം തിരക്കിയപ്പോൾ കൈ പൊള്ളുന്ന ഇടപാട് ആണെന്ന് ബോധ്യമായി. കുടിച്ചും വലിച്ചും ഒന്നും വരുന്ന കാൻസർ അല്ല. വരാൻ ഉള്ളത് തത്കാൽ ടിക്കറ്റ്‌ എടുത്തു വരും.

1 ലക്ഷം രൂപയുടെ 'നക്ഷത്രത്തിന്റെ' ഇൻഷുറൻസ് ഉണ്ട്. കൊല്ലത്തെ ആശുപത്രി ബിൽ ക്ലൈം ചെയ്യാൻ നോക്കിയപ്പോൾ തന്നെ അവന്മാര് ലോക ഉടായിപ്പ് ആണെന്ന് എനിക്ക് ബോധ്യമായി. എല്ലാം കൂടി ഒരു പൈനായിരം രൂപ പോലും അവന്മാര് അപ്രൂവ് ചെയ്തില്ല ഇത് വരെ.
പ്രൈവറ്റ് ജോലി ആയതു കൊണ്ട് സ്വന്തം നിലയിൽ തന്നെ ചികിത്സ നോക്കണം. കഴിഞ്ഞ ആഴ്ച മുഴുവൻ ലീവ് എടുത്തു ഒരുപാട് രോഗികളെ ഞാൻ സന്ദർശിച്ചു. മരിച്ചു പോയവരുടെ ബന്ധുകളെയും ഞാൻ പോയി കണ്ടു. 3rd സ്റ്റേജ് ആയിട്ട് രക്ഷപ്പെട്ടവർ വിരളം. അതിൽ ഭൂരിഭാഗവും  കാശ് ഉള്ളവർ മാത്രം. രെക്ഷപ്പെടൽ എന്ന് പറഞ്ഞാൽ ജീവനോടെ ഉണ്ട് എന്ന് മാത്രം. മരുന്നും പരിചാരകരുമായി മരണം കാത്തു കഴിയുന്ന കൊറേ പേർ.  അല്ലാതെ രക്ഷപ്പെട്ടവർ കുടുംബം വിറ്റു. മരുന്ന് വാങ്ങാൻ കാശ് ഇല്ലാണ്ടും, വാടക പോലും കൊടുക്കാൻ കഴിയാതെയും നരക യാതന അനുഭവിക്കുന്നു. ചിലർക്ക് ഫേസ്ബുക്കിലും നിന്നും മറ്റും ചാരിടി ഇനത്തിൽ കാശ് കിട്ടീട്ടുണ്ട്. പക്ഷെ ജീവിതം പിന്നെയും ചോദ്യ ചിഹ്നമായ കൊറേ മനുഷ്യരെ ഞാൻ കണ്ടു. മാത്രവുമല്ല ബാങ്ക് അക്കൌണ്ടും ഫോട്ടോയും വെച്ചോണ്ട് ഫേസ്ബുക്കിലെ ഒരു പോസ്റ്റ്‌ ആവാൻ എനിക്കൊരു മടി. എന്റെ മോളുന്റെ ഫോട്ടോ വരെ അവന്മാര് തിരികി കയറ്റി ഓണ്‍ലൈൻ പിച്ച എടുക്കും. ആ ലൈക്‌ ഉം കമന്റും, അത് ഞാൻ ജീവിച്ചിരിക്കുമ്പോൾ വേണ്ട.

തിരുവനതപുരത്തെ പ്രധാനപ്പെട്ട പ്രൈവറ്റ് ഹൊസ്പിറ്റൽ എല്ലാം ഏത് സ്റ്റേജിൽ കാൻസർ ആണെന്ന് പറഞ്ഞു ചെന്നാലും 'ആ ചെറിയ സ്പാന്നെർ ഇങ്ങേട്, ദിപ്പോ ശെരിയാക്കി തരാം' എന്ന് പറയും. എന്നിട്ട് നാട്ടിൽ ഉള്ളതും ഇല്ലാത്തതുമായ സകല ടെസ്റ്റും എഴുതി തരും. ചില ടെസ്റ്റ്‌ അവിടെ കാണില്ല. അത് കൊച്ചിയിൽ പോയി എടുക്കണം. തിരക്കി നോക്കിയപ്പോൾ PET TEST എന്നൊക്കെ ഉള്ള സാധനങ്ങൾ എഴുതി തരുന്നത് ആവശ്യം ഉണ്ടായിട്ട്‌ ഒന്നും അല്ല, പക്ഷെ ഒരു ടെസ്റ്റ്‌ എഴുതി കൊടുത്താൽ കമ്മീഷൻ ഇനത്തിൽ പൈനായിരം രൂപാ വരെ ഡാക്ടർനു കിട്ടുമത്രേ. ഞങ്ങടെ അവിടെ സ്ഥല / വണ്ടി  കച്ചവടത്തിന് വരുന്ന ബ്രോകേർമാരോട് എനിക്ക് ഉണ്ടായിരുന്ന ദേഷ്യവും അറപ്പും അതോടെ ഇല്ലാണ്ട് ആയി. അവർ ഇത്രേം പഠിച്ചിട്ടു ഒന്നും അല്ലലോ ഈ പരുപാടി കാണിക്കുന്നേ. എന്നിട്ട് കൊറേ കാശ് പിഴിഞ്ഞു കഴിയുമ്പോൾ കൈ മലർത്തി കാണിച്ചിട്ട് "പെയ്ൻ കില്ലെർ തരാം, ഞങ്ങൾക്ക് ഇനി ഒന്നും ചെയ്യാൻ ഇല്ല " എന്ന് പറഞ്ഞു ടാറ്റാ കാണിക്കും.കോട്ടും സ്തെറ്റസ്കോപ്പും ഇട്ട കാലന്മാർ. മ്ലേച്ചം തന്നെ.

യാദ്രിചികം ആവണം, ഇന്ന് രാവിലെ പത്രത്തിൽ നമ്മുടെ 2-3 മന്ത്രിമാർ കുടുംബസമ്മേതം അമേരിക്കയിൽ വിദഗ്ദ ചികിത്സക്കായ്‌ പോയേച്ചു ആ തണുപ്പത്ത് കോട്ടും ഇട്ടോണ്ട് നിക്കണ ഫോട്ടം പത്രത്തിൽ കണ്ടായിരിന്നു. പണ്ടേ സ്കൂളിൽ പോകാണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങീലല്ലോ കർത്താവെ. വിദേശത്ത് ഒക്കെ ചികിത്സ  സൗജന്യം ആന്നെന്നു എന്തോ ചെറിയ പ്രീമിയം അടച്ചു ഇൻഷുറൻസ് എടുത്താൽ. ഇനി ഇപ്പൊ അതിനു ഒന്നും സമയം ഇല്ല. കൂടെ പഠിച്ച ഒരു ബുദ്ധി ജീവി ഉണ്ട് ഹരീഷ് ചന്ദ്രശേഖർ , ഡോക്ടറാണ്. അവനെ വിളിച്ചു ഈ അറിഞ്ഞ രോഗ വിവരങ്ങൾ എല്ലാം ഒരു സുഹൃത്തിനു ആണെന്ന് പറഞ്ഞു, വല്ലോം നടക്കുമോ എന്ന് ആരാഞ്ഞു. ചുമ്മാ ചികിത്സിക്കാം എന്നലാണ്ട് വലിയ പ്രതീക്ഷ വേണ്ടെന്നു അവൻ മൊഴിഞ്ഞു. എനിക്ക് ആണെന്ന് പറഞ്ഞാൽ അവൻ സത്യം പറയില്ല.

അപ്പൊ ഞാൻ കുത്തി ഇരിന്നു ആലോചിച്ചു. ഈ വിവരം ആരോടും ഇത് വരെ പറഞ്ഞിട്ടില്ല. വീടും, മൊത്തത്തിൽ 30 സെന്റ് സ്ഥലവും ഉണ്ട്. സെന്റ്‌  ഒന്നിന് ഒരു മൂന്ന്-മൂന്നര ലക്ഷം കിട്ടും. ഭാര്യക്ക് അടുത്ത് തന്നെ ജോലി എന്തേലും കിട്ടുമായിരിക്കും. വിവാഹത്തിന് ഇട്ട അവളുടെ 50 പവൻ സ്വർണ്ണം. ബാങ്കിൽ ഒരു 3ലക്ഷം രൂപ ഉണ്ട്.  ഒരു ഹോണ്ട ആക്ടിവ , ഹ്യുണ്ടായ് i10 കാർ. ഇത്രയും ആണ് എന്റെ ആസ്ഥി. ആസ്മിയുടെ വിവാഹം നടക്കണേൽ ഈ പറഞ്ഞ സ്ഥലവും സ്വർണ്ണവും നില നില്കേണ്ടത് അത്യാവശ്യം ആണ്. നമ്മൾ കേരളത്തിൽ ജനിച്ചു പോയില്ലേ. ഞാൻ ഇലേല്ലും അവളുടെം മോള്ടെയും ദൈനംദിന ചിലവുകൾ ഞങ്ങളുടെ മാതാപിതാക്കൾ നോക്കികൊള്ളും.

എന്നെ ചികിൽസിപിചു തുടങ്ങാൻ തന്നെ സ്വർണ്ണം വിലക്കേണ്ടി വരും. പിന്നെ പതിയെ പതിയെ അഞ്ചു - അഞ്ചു  സെന്റ് വീതം സ്ഥലവും. ഞാൻ ഇനി ഒരു പക്ഷെ രക്ഷപ്പെട്ടു എണീച്ചു നിന്നാലും, ജോലിക്ക് പോയി തുടങ്ങിയാലും ഈ പോയതൊക്കെ തിരിച്ചു പിടിക്കാൻ എന്നെ കൊണ്ട് ആവില്ല. അസുഖം വന്നു കുടുംബം വിറ്റ ഒരു ശരാശരി മലയാളി ആയി ഈ ആശുപത്രി കേറി നിരങ്ങി പട്ടിയെ പോലെ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഞാൻ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു. മരിക്കാൻ പേടി ഇല്ലാഞ്ഞിട്ടല്ല, നരകത്തിൽ ജീവിക്കാൻ ഭയം ആയിട്ടാണ്.
ആസ്മിയെ സ്കൂളിൽ നിന്നും വിളിക്കാൻ അവൾ പോയിട്ടുണ്ട്. ഒരു ഫോണ്‍ മേടിക്കാൻ തന്നെ സകല സൈറ്റും കേറി റിവ്യൂ നോക്കി ഏറ്റവും വില കുറഞ്ഞ നല്ല സാധനം മേടിക്കുന്ന എന്നെ പോലെ ഒരു ശരാശരി മലയാളി ഈ എടുത്ത തീരുമാനം തെറ്റാണു എന്നു ആരും പറയില്ല എന്നാണ് എന്റെ ഒരു ദിത്.

വിഷം മേടിക്കാൻ വലിയ പാടൊന്നും ഇല്ലെന്നു ബോധ്യം ആയി. ബിയറിൽ വിഷം കലർത്തി കുടിക്കാൻ ആണ് പ്ലാൻ. പ്ലാൻ പൊളിഞ്ഞാൽ, പോലീസ് ആത്മഹത്യ ശ്രമത്തിനു പിടിച്ചില്ല എങ്കിൽ നിങ്ങൾ ഇടുന്ന കമന്റ്‌നു ഞാൻ മറുപടി തരും. എന്റെ എല്ലാ പോസ്റ്റുകളും ലൈക്കുന്നത് പോലെ ഇതും നിങ്ങൾ ലൈക്കും ഷെയറും ചെയ്യുമെന്ന വിശ്വാസത്തിൽ ഞാൻ ആത്മഹത്യ ചെയ്യാൻ പോക്കുന്നു.


PS: ഇത് വലിയ വിഷയം ആക്കുമ്പോൾ സർക്കാർ എന്റെ കുടുംബത്തിനു ധനസഹായം ഒന്നും കൊടുകണ്ട. ആസ്മിയുടെ പഠനത്തിന്റെയും , അവളുടെയും അവളുടെ അമ്മയുടെയും സമ്പൂർണ രോഗ ചികിത്സക്ക് ഉള്ള ചിലവും വഹിച്ചാൽ മതിയാകും. അവള്ക്ക് കൂടി ഒരു അസുഖം വന്നാൽ എന്റെ ആസ്മി ആരും ഇല്ലാത്തവൾ ആയി മാറും. ഇത് പോലെ ആയിര കണക്കിന് മിതുൻമാർ കേരളത്തിൽ ഉണ്ട്. ആത്മഹത്യ ചെയ്യാൻ പോലും ധൈര്യം ഇല്ലാത്ത പാവം മലയാളികൾ.            

Sunday, November 29, 2015

വാട്ട്സാപ്പ് ഗ്രൂപ്പ്‌ കഥ – Whatsapp Group Story

വാട്ട്സാപ്പ് ഗ്രൂപ്പ്‌ കഥ 
Disclaimer – അമ്മച്ചിയാണേ ഇതിലെ കഥാപാത്രങ്ങൾക്ക് നിങ്ങളുടെ കുഞ്ഞമ്മേടെ മോളുമായോ, കൊച്ചച്ചന്റെ മോനുമായോ ചായയോ കാപ്പിയോ സോഡയോ തോന്നിയാൽ അത് സത്യമല്ലെന്നും, ഈ കഥ സത്യമാണെന്ന് കരുതി ജീവിച്ചിരിക്കുന്നവരെ മരിച്ചവരുമായി ബന്ധിപ്പിക്കാൻ ശ്രമികരുത് എന്നും ഞാൻ കരഞ്ഞു കാലിൽ പിടിച്ച് അപേക്ഷിക്കുന്നു .

സ്കൂളിലെ വാട്ട്സാപ് ഗ്രൂപ്പിൽ ഒരുത്തനെ ഇടയ്ക്ക് ഇടയ്ക്ക് കാണാറില്ല. ബാക്കി എല്ലാവരും മിക്കവാറും ആക്റ്റീവ് ആണ്. ആകാമല്ലോ! പട്ടിണി കിടന്നിട്ടില്ലാത്ത.. തിന്നു വയറും, കവിളും, ശരീരം മൊത്തം ഒരിക്കലും പൊട്ടാത്ത ബലൂണ്‍ പോലെ വീർത്ത എന്നെ പോലെ സമയം ഉള്ള മാന്യന്മാർക്ക് എന്നും പതിവായി കേറി നിരങ്ങാമല്ലോ?
സ്ഥിരം ടോപിക്സ് – പൊങ്ങച്ച കഥകൾ,തള്ളലുകൾ, രാഷ്ട്രീയം, സിനിമ, പരദൂഷണം, പിന്നെ തുണി മേടിച്ചത് മുതൽ വണ്ടിക്ക് കാറ്റ് അടിച്ചത് വരെ ഇതിൽ പെടും. ഏതു വിഷയം ആണേലും ഇഷ്ടം പോലെ അഭിപ്രായം കാണും. അടി ആവും. ചിലപ്പോ അടി തുടങ്ങിയപ്പോൾ വാദിച്ചവർ ഒരു കോഫി ഒക്കെ അടിച്ചു കഴിഞ്ഞു വന്നു ഇതൊന്നും ഓർക്കാതെ നല്ല സുന്ദരമായി വിഷയത്തെ എതിർക്കും. ചിലർ ഭാര്യ പിണങ്ങുന്ന പോലെ പിണങ്ങി പോകും, ചിലരെ മെയിൻ മുതലാളി (അഡ്മിൻ ) ചവിട്ടി പുറത്താക്കും , ഞങ്ങടെ ഈ കഥ നടക്കുന്ന ഗ്രൂപ്പിൽ ഞാൻ ഉൾപടെ 7 മൊതലാളിമാർ ഉണ്ട്… ചിലർ അമ്മാവന്മാരെ പോലെ പോയി വിളിച്ചോണ്ട് വരും. (വീണ്ടും ആഡ് ചെയ്യും). എല്ലാം കോമ്പ്ലിമെന്റ്സ് ആക്കും. വേറെ രാജ്യത്തിലും ഫൂകണ്ടതിലും ഒള്ള ചെല്ലന്മാരും ചെല്ലകിളികളും പാതിരാത്രിയിൽ അവരവരുടെ അഭിപ്രായം കുറിചേച്ചും പോകും. അന്ന് പുഷ്കരമായി ശുഫരാത്രി പറഞ്ഞു പിരിഞ്ഞിട്ടു രാവിലെ ഇത് തന്നെ വീണ്ടും തുടങ്ങും. ഒരു ശരാശരി വാട്ട്സാപ് ഉപഫോക്താവിന്റെ ഗ്രൂപ്പ്‌ മെസ്സേജ് പിഴിഞ്ഞാൽ ഇത്രത്തോളം കറ കാണും. ഛെ, സാറി, ഇത്രത്തോളം കന്റെന്റ്റ് കാണും.
കഥ നടക്കുന്ന കാലം – അങ്ങിനെ പത്തു പൈസയുടെ ഉപയോഗമില്ലാതെ സമയം നശിപ്പിച്ചു കൊണ്ട് ഗ്രൂപ്പിൽ കറങ്ങി നടക്കുന്ന കാലം.
ഈ കഥയിലെ നായകന് ഒരു പേര് ഇടണമ്മല്ലോ ? അവന്റെ പേര് വച്ചാൽ എന്റെ അഡ്മിൻ പദവി രാജി വെക്കേണ്ടി വരും എന്നുള്ളത് കൊണ്ട് നമുക്ക് അവനെ ‘നിവിൻ പോളി’ എന്ന് വിളിക്കാം. ലുക്ക്‌ കൊണ്ട് അവനു ചേരില്ല. ആഹ്, പോട്ടെ, കഥയിൽ എങ്കിലും അവനു അല്പം സൗന്ദര്യം ഉണ്ടെന്നു തോന്നിച്ചോട്ടെ.
കഥ – പൊതുവെ അവനെ വല്ലപ്പോഴും മാത്രമേ ഗ്രൂപ്പിൽ കാണൂ. അവനു എന്തോ ലോ പ്രൊഫൈൽ ജോലി ആണെന്ന് അറിയാം. ആരുമായി വലിയ കമ്പനി ഒന്നും അവനില്ല. മിക്കവാറും പേർ അവന്റെ നമ്പർ പോലും ആഡ് ചെയ്തിട്ടില്ല. അവൻ ഇട്ടിരിക്കുന്ന ‘നിവിൻ പോളി’ പ്രൊഫൈൽ പിക് നോക്കിയാകും അവർ അവനെ മനസ്സിലാകുക. അവനു ഫോണ്‍ അധികം ഉപയോഗിക്കാൻ ഒന്നും അറിയില്ല എന്നാന്നു ഞങ്ങളുടെ ഏകദേശ ധാരണ. വല്ലപ്പോഴും വരും. ഒരു ‘ഹൈ’ പറയും. ചിരിക്കുന്ന സ്മൈലി ഇടും.പൊട്ടി ചിരിക്കുന്ന സ്മൈലി ഇടും. ടാറ്റാ പറയും, കൈ വീശൽ സ്മൈലി ഇടും, പോകും. പിന്നെ ഒരു 10 ദിവസം കാണില്ല. ഇതാണ് ഞങ്ങടെ ഗ്രൂപ്പിൽ അവന്റെ ഒരു ഇത്. ഏതു ?
അവന്റെ ആർക്കോ അസുഖം എന്തോ ഉണ്ടെന്നു ആരോ എപ്പോഴോ പോസ്റ്റ്‌ ഇട്ടത് കണ്ടു. പോസ്റ്റ്‌ ഇട്ടവൻ വേറെ ആരോ പറഞ്ഞു അറിഞ്ഞതാണ് അത്രേ. അറിയാവുന്ന ആളുകൾക് പ്രശ്നം ഉണ്ടെന്ന പോസ്റ്റ്‌ കണ്ടാൽ , പ്രേതെകിച്ചു സാമ്പത്തികം വേണ്ടി വരും എന്നാ പോസ്റ്റ്‌ കണ്ടാൽ , പിന്നെ നമ്മൾ ഒടുക്കത്തെ ബിസി ആയിരിക്കും. അന്ന് ഒബാമക്ക് മെയിൽ അയചിട്ട് വീട്ടിൽ പോണം എന്നാ ഒരു ഫീൽ ഒക്കെ വരുത്തി നമ്മ മുങ്ങും. ഒരു ശരാശരി മലയാളിയുടെ ഇമ്മാതിരി സമയത്തെ പ്രവർത്തി കണ്ടാല്ൽ …… , ശോ , ഈ ഡയലോഗ് ഞാൻ ആൾറെഡി പറഞ്ഞു അല്ലെ. :(
അപ്പൊ മെയിൻ ത്രെഡ് ഓടിക്കാം. ഒരു ദിവസം ഉച്ചക്ക് അവന്റെ ഒരു മെസ്സേജ് കണ്ടു.
[Nivin Pauly]
ഡിയർ ഫ്രണ്ട്സ്, ഞാൻ ഇന്ന് കൂടിയേ ഈ ഗ്രൂപ്പിൽ കാണുകയുള്ളൂ. അമ്മക്ക് ഒരു അസുഖം ഉണ്ട്. അതിനു കുറെ ചെലവ് ഉണ്ടായിരന്നു. എപ്പോഴും ആശുപത്രിയിൽ പോകണം. നാളെയും പോകണം. നാളെ പോകാൻ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്. അപ്പൊ ഈ ഫോണ്‍ കൊടുത്തു കാശ് മേടിച്ചു പോവുകയാണ്. വേറെ ഒരു ഫോണ്‍ കിട്ടും, ചെറുത്‌ .. പക്ഷെ അതേൽ വാട്സ്അപ്പ് ഉണ്ടാവില്ല. ടേക്ക് കെയർ ഓൾ..
[കിണിക്കുന്ന സ്മൈലി ][കിണിക്കുന്ന സ്മൈലി ] [വാ തുറന്നു കിണിക്കുന്ന സ്മൈലി ] [കൈ വീശുന്ന സ്മൈലി ]
കൊറേ നേരത്തേക്ക് നിശബ്ദത. പിന്നീട് അങ്ങോട്ട്‌ ദുഖത്തിന്റെ സ്മൈലി ഘോഷയാത്ര ആയിരിന്നു.
[ദുഃഖം സ്മൈലി]
[ഫയങ്കര ദുഃഖം സ്മൈലി]
[തൊള്ള കൊറച്ചു തുറന്നു നിലവിളി സ്മൈലി]
[തൊള്ള മൊത്തം തുറന്നു നിലവിളി സ്മൈലി ]
………….
………….
[വാ പൂട്ടി സീൽ വച്ച സ്മൈലി ]
അങ്ങിനെ വൈക്കുന്നേരം സണ്ണി ലിയോണ്‍ സാരി ഉടുത്ത ഫോട്ടം ആരാണ്ട് ഫോർവേഡ് ചെയ്ത പോസ്റ്റ്‌ വന്നപ്പോ ഗ്രൂപ്പ്‌ വീണ്ടും വാചാലമായി. പകച്ചു നിന്ന ഞങ്ങൾ ടോപികുകളിൽ നിന്നും ടോപികുകളിൽ നിന്നും പിന്നേം ടോപികുകളിലേക്ക് പ്രാന്തന്മാരെ പോലെ സഞ്ചരിച്ചു. ഒടുവിൽ നാട്ടിലെ എല്ലാ പ്രശ്നങ്ങളും സംവാദം നടത്തി ശെരിയാക്കിയ ഞങ്ങൾ നിവിൻ പോളിയുടെ വിഷയത്തിലേക്ക് കടന്നു.
[ഇടക്ക് കേറി പറയുന്നതിൽ ക്ഷമിക്കണം, ഇല്ലേലും എനിക്കൊരു ചുക്കും ഇല്ല (actually ചുക്ക് is costly , reconsider ),,, ആണോ? വില കുറഞ്ഞ എന്തേലും പറയണോ ? എന്നാൽ എനിക്കൊരു democracyയും ഇല്ല. എന്റെ കഥയുടെ ഇടക്കല്ലേ ഞാൻ കയറുന്നെ. ഈ എല്ലാ രാത്രിയിലും ചാനലിൽ കാണിക്കുന്ന സംവാദം കൊണ്ട് കൊറേ തെറി പിള്ളേര് പഠിക്കും എന്നല്ലാണ്ട് ആർക്കേലും എന്തേലും ഉപകാരം ഉണ്ടായിട്ടുണ്ടോ ? ബ്ലൂടി മ്ലേച്ചൻസ് ]
ഞങ്ങൾ എല്ലാവരും താടി വച്ച ബ്രിട്ടാസ്സ്നെ പോലെ കൂലംകേഷമായി സംവദിച്ചു.
[Start of Discussion]
അവൻ നമ്മുടെ ക്ലാസ്സ്‌മേറ്റ്‌ ആണെന്ന് ഇടയ്ക്കു ആരോ ഞങ്ങളെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു. അവനു വേണ്ടി ഞങ്ങൾ ഗ്രൂപ്പിൽ സംസാരിച്ച വിഷയത്തിൽ എന്ത് കൊണ്ടെന്നു അറിയില്ല , ഒബാമ. ക്ലിന്റാൻ, അച്ചു മാമാ, ചാണ്ടിചൻ , മാണി. രവി പിള്ള , അബ്ദു റബ്ബ് , നിഷാന്തിനി ടീച്ചർ , സരിത, കവിത തുടങ്ങിയ ഒരുപാട് പ്രമുഖർ ഗ്രൂപ്പിൽ കേറി ഇറങ്ങി പോയി. (ഏതു കവിത? അത് പിന്നെ നമ്മൾ 10B പഠിക്കുമ്പോൾ 9C യിൽ ജർമ്മനി എന്ന് ഇരട്ട പേര് ഉള്ളൊരു പീസ്‌ ഉണ്ടായിരിന്നു , ഓർമ ഉണ്ടോ ? അഹ് , അതാണ്‌ കവിത ) . അവന്റെ പേരും ഇടയ്ക്കു ആരോ പറയുന്ന പോലെ കേട്ടു.
“എങ്ങിനെ എങ്കിലും അവനെ സഹായിചില്ലേൽ നമ്മൾ ഒക്കെ ക്ലാസ്സ്‌മേറ്റ്സ് ആണെന്ന് പറയുന്നതിൽ എന്ത് അർത്ഥം” എന്നൊരു വിഫാഗം
” അങ്ങിനെ ആയാൽ ലാൽ ജോസ് വരെ നമ്മളെ പുച്ചിചു പുഷ്പിണി ആക്കില്ലേ” എന്നൊരു വിഫാഗം.
“ഇത് അങ്ങിനെ വിട്ടു കൊടുക്കാൻ പറ്റില്ല” – എന്നൊരു വിഭാഗം
“പിരിവ് ഇട് , ഞാൻ മുൻകൈ എടുത്ത് നോക്കി ചെയ്യേണ്ടത് ചെയ്യാം ” – എന്ന് ‘അജു വർഗീസ്‌ ‘ പറഞ്ഞതോടെ ആ അടി അന്നത്തേക്ക്‌ ഒതുങ്ങി. അജു വർഗീസ്‌ എന്ന പേരും ഗ്രൂപിലെ നില നില്പിന് വേണ്ടി ഞാൻ സൗകര്യപൂർവ്വം ഇട്ടതാ ട്ടോ. (മരപ്പട്ടി എന്നാ ശരിക്കും അവനെ വിളികേണ്ടത്)
[End of Discussion]
അങ്ങിനെ പിറ്റേന്നു രാവിലെ ഒരു 10 മണി ആയപ്പോൾ തന്നെ , അജു ഞങ്ങൾക്ക് ആ സന്തോഷപൂർവമായ മെസേജ് അയച്ചു. അവൻ ആ പുണ്യ കർമം ചെയ്തിരിക്കുന്നു. നെറ്റിൽ കയറി നിരങ്ങി ഇറങ്ങി വാട്സപ്പ് ഉപയോഗിക്കാൻ പറ്റിയ ഏറ്റവും വില കുറഞ്ഞ മൊബൈൽ ഫോണ്‍ അവൻ ഓർഡർ ചെയ്തിരിക്കുന്നു. ഏതോ ചൈനീസ് ബ്രാൻഡ്‌ ഫോണ്‍. 999/- രൂപ്പക്ക് കിട്ടിയത്രേ. ആരെയോ വിളിച്ചു ചോദിച്ചു നിവിന്റെ അഡ്രസ്‌ ഒപ്പിച്ചു അങ്ങോട്ട്‌ വണ്ടി കേറ്റി വിട്ടിടുണ്ട് അത്രേ. ഗ്രൂപ്പിലെ ബാക്കി 16 പേരും Rs. 62.4375/-, റൗണ്ട് ചെയ്തു 63 കൂവാ വെച്ച് അവന്റെ ബാങ്ക് അക്കൌണ്ടിൽ ഇട്ടു കൊടുകണം.
സന്തോഷ സ്മൈലി ഘോഷയാത്ര
[കൈ അടി സ്മൈലി ]
[തള്ളവിരൽ പൊക്കിയ സ്മൈലി ]
[നടുവിരൽ പൊക്കിയ സ്മൈലി ] ———- തെറ്റിപോയി , സ്മൈലി മാറിപോയി , ക്ഷമികണം ,
………………………..
“അവൻ വല്ല ബംഗാളിയുടെ കയ്യിൽ നിന്നും സെകന്റ് ഹാൻഡ്‌ മേടിച്ചു കാണമോ?
സന്തോഷ സ്മൈലി ഘോഷയാത്ര അപ്പൊ ബ്രേക്ക് ഇട്ടു നിന്നു .
അവൻ തെളിവിന്റെ സ്നാപ് അയച്ചു തന്നു . വീണ്ടും സന്തോഷ സ്മൈലി ഘോഷയാത്ര
[കൈ അടി സ്മൈലി ]
[തള്ളവിരൽ പൊക്കിയ സ്മൈലി ]
[തൊള്ള തുറന്നു ചിരി സ്മൈലി]
അങ്ങിനെ ഞങ്ങൾ അവനെ സഹായിച്ചു. പുണ്യ പ്രവർത്തിയിൽ അങ്ങോട്ടും ഇങ്ങോട്ടും എല്ലാവരെയും പുകഴ്ത്തി പറഞ്ഞു ഞങ്ങൾ വീണ്ടും ഗ്രൂപ്പിലെ മാതൃക മെംബേർസ് ആയി… ശുഫം
[കൈ തൊഴുന്ന സ്മൈലി ] – 5 എണ്ണം
പിന്നാമ്പുറം 
ആ [Start of Discussion] ഇന്റെയും [End of Discussion] ഇന്റെയും ഇടയ്ക്ക് അവന്റെ അമ്മയെ കുറിച്ച് ആരും ഒരു വാക്ക് പോലും മിണ്ടിയില്ല. സംസാരം മൊത്തം ഏതു ഫോണ്‍ വാങ്ങണം, മോഡൽ, ബജറ്റ് എന്നിവയെ ചൊല്ലി ആയിരിന്നു.
ഫോണ്‍ കിട്ടിയ അവൻ കുറച്ചു ദിവസം കഴിഞ്ഞു അയച്ച ആദ്യത്തെ മെസ്സേജ്
“താങ്ക്സ് ഫോർ ദി ഫോണ്‍”
അപ്പൊ തന്നെ 16 തള്ളവിരൽ പൊക്കി സ്മൈലികൾ ഗ്രൂപ്പിൽ നിറഞ്ഞു
അവൻ തുടർന്നു ” നോക്കാൻ സമയം ഇല്ലായിരിന്നു, ഇന്നലെ ആയിരിന്നു അമ്മയുടെ പതിനാറ് , വിളിക്കാൻ പറ്റിയില്ല, ക്ഷമികണം ..മാനസിക അവസ്ഥ.. ”

പല തരത്തിൽ ഉള്ള 16 ദുഃഖ സ്മൈലികൾ ഗ്രൂപ്പിൽ നിറഞ്ഞു ……